ബിപിന്‍ സി ബാബുവിനെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തു

ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ നേതാവുമായ മിനിസാ ജബ്ബാറിന്റെ പരാതിയിലാണ് കരീലകുളങ്ങര പോലീസ് കേസെടുത്തത് .

author-image
Prana
New Update
bipin babu

സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മുന്‍ ഏരിയാ സെക്രട്ടറി ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധനപീഡന പരാതിയില്‍ പോലീസ് കേസെടുത്തു. ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ നേതാവുമായ മിനിസാ ജബ്ബാറിന്റെ പരാതിയിലാണ് കരീലകുളങ്ങര പോലീസ് കേസെടുത്തത് . 2017 മുതല്‍ 2023 നേരിട്ട പീഡനങ്ങളാണ് പരാതിക്ക് ആസ്പദമായിട്ടുള്ളത്.
തന്റെ പിതാവില്‍ നിന്നും പത്തുലക്ഷം രൂപ സ്ത്രീധനമായി വാങ്ങി, സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചു, കരണത്തടിക്കുകയും അയേണ്‍ബോക്‌സ് എടുത്ത് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു, പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചു, തുടങ്ങിയ പരാതികളിന്മേലാണ് ബിപിനെതിരെ കേസെടുത്തിരിക്കുന്നത്.
പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയമിക്കുകയും ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഏരിയ കമ്മറ്റി അംഗമായ ബിപിന്റെ അമ്മ കെ.എല്‍ പ്രസന്നകുമാരിയെ രണ്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടാണ് പരാതി. ബിപിന്‍ പാര്‍ട്ടിവിട്ട സ്ഥിതിക്ക് പരാതി പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നിര്‍ത്തേണ്ട കാര്യമില്ല എന്നതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്.
ബിപിന്‍ സി ബാബു സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ 'പോയിത്തന്നതിന് നന്ദി' എന്നെഴുതി കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും മിനിസാ ജബ്ബാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഹഌദപ്രകടനം നടത്തിയിരുന്നു.

case BJP cpm domestic violence