ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ചെന്നിത്തല

സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിച്ച ആളായിരുന്നു നവീന്‍ ബാബു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ സി പി എം.

author-image
Prana
New Update
chennithala

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം എല്‍ എ ആവശ്യപ്പെട്ടു. മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിച്ച ആളായിരുന്നു നവീന്‍ ബാബു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ സി പി എം. കേസ് തേച്ചുമാച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജമായ വിജിലന്‍സ് പരാതി അടക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇതുപോലെ തന്നെയാണ് ആന്തൂരില്‍ സാജന്‍ എന്ന പ്രവാസിയെ ഇവര്‍ മരണത്തിലേക്കു തള്ളിവിട്ടത്. എം വി ഗോവിന്ദന്റെ ഭാര്യ ശ്യാമളയാണ് അന്ന് സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായത്. എന്നാല്‍ ആ വിഷയത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കേസ് അവസാനിപ്പിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് ആ കുടുംബത്തെ ഭീഷണിപ്പെടുത്തി. അവര്‍ക്ക് രണ്ട് കുട്ടികളുള്ളതുകൊണ്ട് അവര്‍ കേസുമായി മുന്നോട്ടു പോയില്ല. അതേ അനുഭവം നവീന്‍ ബാബുവിന്റെ കുടുംബത്തിനുണ്ടാകരുത്.
സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു മുന്നില്‍ അവര്‍ക്ക് യാതൊരു വിലയുമുണ്ടാകാന്‍ പോകുന്നില്ല. കാരണം അവരാണ് നാടു ഭരിക്കുന്നത്. എന്തുകൊണ്ട് നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കാണുന്നില്ല എന്നതും അന്വേഷിക്കണം. ഇനി ആര്‍ക്കും ആന്തൂരിലെ സാജന്റെ കുടുംബത്തിന്റെ അനുഭവം ഉണ്ടാകരുത്. ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

adm naveen babu pp divya ramesh chennithala Murder Case