/kalakaumudi/media/media_files/2025/03/27/GYSzIZUiB1cZkdQmhlGP.jpg)
കൊച്ചി: പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ടിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ക്രിക്കറ്റ് താരമായ വിദ്യാർത്ഥി മുങ്ങിമരിച്ചു. മൂകാംബി റോഡ് തെക്കിനേടത്ത് (സ്‌മരണിക) മനീക്ക് പൗലോസിന്റെയും ടീനയുടെയും മകൻ മാനവാണ് (17) മരിച്ചത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു (ബയോളജി) വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകിട്ട് നാലോടെ ഏഴ് സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതുകണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ രണ്ടുപേരും മുങ്ങി. ഉടനെ മറ്റൊരു സുഹൃത്ത് മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി. എന്നാൽ മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയർഫോഴ്സിന്റെ സ്കൂബടീം മാനവിനെ കണ്ടെത്തി ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സഹോദരൻ: നദാൽ തോമസ്.