/kalakaumudi/media/media_files/2025/08/23/kutty-2025-08-23-22-32-02.jpg)
ഇടമലക്കുടി: ഇടുക്കി ഇടമലക്കുടിയില്‍ കടുത്ത പനിയും വയറിളക്കവും ബാധിച്ച് അഞ്ചുവയസ്സുകാരന്‍ മരിച്ചു. കൂടല്ലാര്‍കുടി സെറ്റില്‍മെന്റില്‍ മൂര്‍ത്തിയുടെയും ഉഷയുടെയും മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കടുത്ത പനിയും വയറിളക്കവും ബാധിച്ച് അവശനായ കുട്ടിയെ മഞ്ചലില്‍ ചുമന്നാണ് ആനക്കുളത്തെത്തിച്ചത്.
ആനക്കുളത്തുനിന്നു വാഹനത്തില്‍ ശനിയാഴ്ച വൈകിട്ടോടെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് മരിച്ച കാര്‍ത്തിക്. മഴ പെയ്തതിനു പിന്നാലെ റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടമലക്കുടിയിലേക്ക് വാഹനം സഞ്ചരിക്കാന്‍ കഴിയുന്ന വഴിസൗകര്യമില്ലാത്തതിനാല്‍ 13 കിലോമീറ്റര്‍ ചുമന്നാണ് മൃതദേഹം സംസ്‌കരിക്കാനായി കൂടല്ലാര്‍കുടിയിലേക്ക് എത്തിച്ചത്.