തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിക്കാൻ ലഭിച്ച പണം ഉപയോഗിച്ച് കവടിയാർ വില്ലേജിൽ എം ആർ അജിത്കുമാർ ഫ്ലാറ്റ് വാങ്ങി. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് അജിത്കുമാർ വിറ്റതായി അൻവർ ആരോപിച്ചു. എം ആർ അജിത് കുമാർ സ്വന്തം പേരിൽ വാങ്ങിയിട്ടുള്ള ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പുറത്തുവിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി വി അൻവർ ആരോപണം ഉന്നയിച്ചത്.
'എം ആർ അജിത് കുമാർ സ്വന്തം പേരിൽ വാങ്ങിയിട്ടുള്ള ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ എന്റെ പക്കലുണ്ട്. രജിസ്ട്രേഷൻ അതോറിറ്റിയിൽ നിന്ന് എടുത്തതാണ് രേഖ. കവടിയാർ വില്ലേജിൽ സ്വന്തം പേരിൽ ഒരു ഫ്ലാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19-ാം തീയതിയാണ് ഫ്ലാറ്റ് വാങ്ങിയത്. അതായത് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ കയറുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ്. എങ്ങനെ ഇത് അദ്ദേഹം വാങ്ങി? എങ്ങനെ വിറ്റു എന്നതാണ് അന്വേഷിക്കേണ്ടത്. പത്തുദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് ഫ്ലാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലൻസ് അന്വേഷിക്കട്ടെ. ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ ഞാൻ പറയുന്നതാണ് സോളാർ കേസ് അട്ടിമറിക്കാൻ പണം വാങ്ങിയെന്ന്. ഇത് അത്തരത്തിൽ വാങ്ങിയ പണമാണ്. അന്ന് ഫ്ലാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കൺസ്ട്രക്ഷൻ കമ്പനിക്ക് ഭ്രാന്താണോ? 33 ലക്ഷം രൂപയ്ക്ക് വിൽക്കാൻ. ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മിൽ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നത്.'- അൻവർ ആരോപിച്ചു.
'എങ്ങനെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്വത്ത് സമ്പാദിക്കുന്നത്?, കള്ളപ്പണം വെളുപ്പിക്കുന്നത്? എന്നതിന്റെ നേർരേഖയാണ് എന്റെ കൈയിൽ ഉള്ളത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചാവിഷയം സോളാർ കേസായിരുന്നു. സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ തുടക്കം മുതൽ പരിശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് വിളിച്ച കോളിന്റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു. സോളാർ കേസിലെ പരാതിക്കാരി ഇക്കാര്യം പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ തുക പ്രതികളിൽ നിന്ന് എഡിജിപി കൈപ്പറ്റിയാണ് അനീതിക്ക് കൂട്ടുനിന്നത്. ക്രിമിനൽ ആക്ടിവിറ്റിയിലൂടെ അദ്ദേഹം ഒരുപാട് സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. കവടിയാറിലെ കൊട്ടാര സമാനമായ വീട് ഇതിന് ഉദാഹരണമാണ്. ഇതിനോടനുബന്ധിച്ചുള്ള പത്തു സെന്റ് ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാണ്. ഒരേ ഭൂമിയിലാണ് ഇരുവർക്കും സ്ഥലം ഉള്ളത്. ആധാരം രണ്ടാളുടെ പേരിലാണ് എന്ന് മാത്രം. അതിന്റെ ഉറവിടം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകും.'- അൻവർ പറഞ്ഞു.