വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് തുറവൂരില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് വിരുതാചലം സ്വദേശി പൊന്നു സ്വാമിയുടെ മകന്‍ പളനിവേല്‍ പൊന്നുസ്വാമി (51) അണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തുറവൂര്‍ വളമംഗലം പുത്തന്‍തറ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(43) നെ കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 7.40ഓടെ തുറവൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു കൊലപാതകം. തുറവൂര്‍ മഹാ ക്ഷേത്രത്തിന് സമീപമുള്ള ഒരു കടക്ക് മുന്നിലാണ് പൊന്നുസ്വാമിയും സംഘവും സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്. രാത്രി പൊന്നുസ്വാമിയും സുഹൃത്തുക്കളുമായി കിടന്ന് ഉറങ്ങുന്നതിനായി കടയുടെ മുന്നില്‍ എത്തിയെങ്കിലും കിടക്കാന്‍ സാധിച്ചില്ല. ഇവര്‍ ഉറങ്ങിയിരുന്ന സ്ഥലത്ത് ഉണ്ണികൃഷ്ണന്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കിടക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് കടയുടെ സമീപത്ത് നിന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നുവന്ന ഉണ്ണിക്കൃഷ്ണനുമായി പളനി വേലും സംഘവും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സഞ്ചിയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് പഴനിവേലിന്റെ കഴുത്തിലും നെഞ്ചിലും ഉണ്ണികൃഷ്ണന്‍ വെട്ടുകയുമായിരുന്നു.