കാരണഭൂതന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വീണ്ടും വാഴ്ത്തുപാട്ട്.'ഫീനിക്‌സ് പക്ഷി'യായി മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്ന പാട്ടില്‍ പടയുടെ നടുവില്‍ പടനായകനെന്നും പുകഴ്ത്തുന്നുണ്ട്.സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയുടെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പാടാനാണ് പാട്ട് ചിട്ടപ്പെടുത്തിയത്.
കാരണ ഭൂതനെന്ന പാട്ട് പാടി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര മൂന്ന് വര്‍ഷം മുമ്പ് വിവാദവും ചര്‍ച്ചയുമൊക്കെ ആയതാണ്.പിന്നാലെയാണ് വീണ്ടും മുഖ്യമന്ത്രിയെ ഫീനിക്‌സ് പക്ഷിയായി വിശേഷിപ്പിച്ചുള്ള പാട്ടുമായി കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കടന്നുവരവ്.ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍ എന്ന് തുടങ്ങുന്ന പാട്ടില്‍ മുഖ്യമന്ത്രിയെ ജ്വലിച്ച സൂര്യനായും വിശേഷിപ്പിക്കുന്നുണ്ട്.കോവിഡ്,നിപ്പ,പ്രളയം,ഉരുള്‍പ്പൊട്ടല്‍ തുടങ്ങി ദുരിതകാലത്ത് കൈവിളക്കുമായി ജ്വലിച്ച് കാവലായി നിന്നയാളെന്നും പാട്ടില്‍ വാഴ്ത്തുന്നു.ക്ഷേമ പെന്‍ഷനടക്കം പറഞ്ഞാണ് പുകഴ്ത്തു പാട്ട് അവസാനിക്കുന്നത്.
സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വേദിയിലിരിക്കെ നൂറ് വനിതകള്‍ ചേര്‍ന്ന് പുകഴ്ത്തു പാട്ട് പാടാനായിരുന്നു തീരുമാനം.ധന വകുപ്പിലെ ജീവനക്കാരനായ പൂവത്തൂര്‍ ചിത്രസേനന്റെ വരികള്‍ക്ക് നിയമ വകുപ്പിലെ വിമല്‍ സംഗീതം നല്‍കിയാണ് പാട്ട് പുറത്തിറക്കിയത്.പുകഴ്ത്തു പാട്ട് വാര്‍ത്തയും ചര്‍ച്ചയുമായതോടെ ഇനി അത് പരിപാടിയില്‍ അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. അസോസിയേഷന്‍ ഭാരവാഹികള്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നേരത്തെ കേരള സി.എം എന്ന പേരില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി യൂട്യൂബില്‍ വീഡിയോ ഗാനവും ഇറങ്ങിയിരുന്നു.വ്യക്തി പൂജയെ എക്കാലത്തും എതിര്‍ത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം.എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കാരണഭൂതനെന്ന പാട്ടും,തിരുവാതിരയും നടന്നത്.സി.പി.എം സമ്മേളനങ്ങള്‍ തുടരുന്നതിനിടെ തന്നെ ഫീനിക്‌സ് പക്ഷിയെന്ന പുകഴ്ടത്ത് പാട്ടിറങ്ങിയെന്നതും ശ്രദ്ധേയമാണ്.