/kalakaumudi/media/media_files/2025/04/11/4923EY325Sz04pb51mUd.jpg)
കോട്ടയം: എരുമേലിയില്‍ വീടിനു തീപിടിച്ച് മരിച്ച വീട്ടമ്മയ്ക്കു പിന്നാലെ മരണത്തിനു കീഴടങ്ങി ഭര്‍ത്താവും മകളും. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യുടെ ഭര്‍ത്താവ് സത്യപാലന്‍(53), മകള്‍ അഞ്ജലി (26) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സീതമ്മയുടെ മകന്‍ ഉണ്ണിക്കുട്ടന്‍(22) പൊള്ളലേറ്റ് ചികിത്സിയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവര്‍ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടില്‍ തര്‍ക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളില്‍ തീ പടരുകയായിരുന്നു.
സീതമ്മ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് വിവരം. ഇവരെ പിടിച്ചു മാറ്റുന്നതിനിടെയാണ് ബാക്കിയുള്ളവര്‍ക്ക് പൊള്ളലേറ്റത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. വീട് പൂര്‍ണമായി കത്തി നശിച്ചു. മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ജോലിയാണ് സത്യപാലന്റേത്.