/kalakaumudi/media/media_files/2025/12/13/babu-kadukkil-2025-12-13-14-22-49.jpg)
കോഴിക്കോട്: കട്ടിപ്പാറയിൽ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തിൽ പ്രതിയായി ഒളിവിൽ പോവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത സൈനുൽ അബിദീന് വിജയം.
നേരിട്ട് ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ 225 വോട്ടുകൾക്കാണ് സൈനുൽ അബിദീൻ എന്ന ബാബു കുടുക്കിൽ ജയിച്ചത്.താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു ഐയുഎംഎൽ സ്ഥാനാർഥിയായി മത്സരിച്ചത്.
ഇവിടെ താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോട് വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയായാണ് മത്സരിച്ചത്.
ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 21-ന് താമരശ്ശേരി പൊലീസ് രജിസ്റ്റർചെയ്ത കേസിലും, ഒക്ടോബർ 21-ലെ ഫ്രഷ്‌കട്ട് സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചനനടത്തിയെന്നതിന് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ് ബാബു കുടുക്കിൽ.
പൊലീസ് ലുക്ക് ഔട്ട് നോട്ടീസും സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാവകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസിനെത്തുടർന്ന് നാട്ടിൽനിന്ന് മാറിനിൽക്കുന്നതിനിടെയാണ് ഫ്രഷ്‌കട്ട് സംഘർഷമുണ്ടായതും സമരസമിതി ചെയർമാനായ ബാബു അതിലും പ്രതിചേർക്കപ്പെട്ടതും.
നാട്ടിലിറങ്ങിയാൽ സ്ഥാനാർഥിയെ പിടികൂടി കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനിടെയാണ് ഒളിവിൽ പോയത്. ബാബു വോട്ട് ചെയ്യാൻ എത്തുമെന്ന് കരുതി പോളിങ് ബൂത്തിലും പൊലീസ് എത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
