/kalakaumudi/media/media_files/2026/01/13/vedi-2026-01-13-08-36-14.jpg)
ഉഴവൂര്‍: നായാട്ടിന് പോയ അഭിഭാഷകന്‍ സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് തിങ്കള്‍ രാത്രി ഒന്‍പതരയോടെ വെടിയേറ്റു മരിച്ചത്.
ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു സംഭവം. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി തിങ്കള്‍ രാത്രിയും പതിവ് തെറ്റിക്കാതെ പുറത്തിറങ്ങുകയായിരുന്നു. നിറച്ച തോക്കുമായി സ്‌കൂട്ടറിലായിരുന്നു യാത്ര.
പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. സ്‌കൂട്ടര്‍ മറിയുന്നതിന്റെയും വെടിയൊച്ചയുടെയും ശബ്ദം കേട്ട സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വഴിയില്‍ വീണു കിടക്കുന്ന ജോബിയെയാണ് ഇവര്‍ കണ്ടത്. വെടിയേറ്റ ഉടന്‍ തന്നെ മരണം സംഭവിച്ചെന്നാണു പൊലീസ് നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
