ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.

author-image
Biju
New Update
ana

ഹരിപ്പാട്: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.

ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദര്‍ശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയില്‍ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനില്‍കുമാര്‍ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാള്‍ ആനപ്പുറത്തിരുന്നു.

ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനില്‍കുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവര്‍ ചേര്‍ന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാന്‍ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്.

പുല്ലാംവഴി വളപ്പില്‍നിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയില്‍ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരന്‍നായര്‍ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാര്‍ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്.

വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോള്‍ ആന മുരളീധരന്‍നായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.ഉടന്‍ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടര്‍ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ കൊട്ടാരവളപ്പില്‍ തളച്ചു.

മദകാലം കഴിഞ്ഞതിനാല്‍ ആനയെ അഴിക്കാമെന്ന് ഒരുമാസം മുന്‍പ് വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തില്‍ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്.

സുനില്‍കുമാര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

elephant attack death