ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജില്‍ ടര്‍ബോ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരു മരണം

എന്‍ജിന്റെ ശേഷി കൂട്ടുന്ന ടര്‍ബോ ചാര്‍ജര്‍ മാറ്റി സ്ഥാപിച്ച ശേഷം സ്റ്റാര്‍ട്ടാക്കിയ ഉടന്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് സമീപത്തെ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി

author-image
Biju
New Update
chenga

ചെങ്ങന്നൂര്‍: ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലെ ബസിലെ സ്‌ഫോടനവും മെക്കാനിക്കിന്റെ മരണവും ക്യാംപസിനു ഞെട്ടലായി. കോളജ് വിട്ട് വിദ്യാര്‍ഥികള്‍ പോയ ശേഷമായിരുന്നു ബസിന്റെ ടര്‍ബോ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബസിന്റെ ചില്ലുപൊട്ടി ചീളുകളും ദൂരേക്കു തെറിച്ചുവീണു. വന്‍തോതില്‍ പുകയും ഉയര്‍ന്നു.

കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ചങ്ങനാശേരി ചിത്ര വര്‍ക്ഷോപ്പിലെ ജീവനക്കാരനായ ചങ്ങനാശേരി മാമ്മൂട് വെളിയം കട്ടത്തറ കുഞ്ഞുമോനാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ന് ക്യാംപസിലായിരുന്നു സംഭവം. ഡ്രൈവര്‍ പേരിശ്ശേരി സ്വദേശി സജീന്ദ്രനും ബസിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പുറത്തേക്കു ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്‍ജിന്റെ ശേഷി കൂട്ടുന്ന ടര്‍ബോ ചാര്‍ജര്‍ മാറ്റി സ്ഥാപിച്ച ശേഷം സ്റ്റാര്‍ട്ടാക്കിയ ഉടന്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് സമീപത്തെ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കുഞ്ഞുമോനെ ഫയര്‍ഫോഴ്‌സ് വാഹനത്തിലാണ് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായ കുഞ്ഞുമോനു സിപിആര്‍ നല്‍കിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലക്കു മാറ്റി. കല്ലിശേരിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോളജിലെ ഓഡിറ്റോറിയത്തിനു സമീപം ഇട്ടാണു ബസ് നന്നാക്കിയിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഏതാനും മീറ്റര്‍ അകലെ ഗേറ്റിനു സമീപത്തു നിന്നിരുന്നു. സ്‌ഫോടനത്തില്‍ ബസിന്റെ ഭാഗങ്ങള്‍ തെറിച്ചു ഗേറ്റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കു വീണ് കാറിന്റെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു.

പൊട്ടിത്തെറിയുണ്ടായ ബസില്‍നിന്ന്, രണ്ടു ദിവസം മുന്‍പ് വിദ്യാര്‍ഥികളുമായി പോകവേ കുറ്റൂരില്‍ വച്ച് പുക ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളെ മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടശേഷം ബസ് കോളജില്‍ എത്തിച്ച് ചങ്ങനാശേരിയിലെ വര്‍ക്ഷോപ്പില്‍ നിന്ന് ജീവനക്കാരെ വരുത്തി പരിശോധിച്ചു. ടര്‍ബോ ചാര്‍ജറിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് അഴിച്ചു കൊണ്ടുപോയി നന്നാക്കി ഇന്നലെ തിരികെ കൊണ്ടുവന്ന് ഘടിപ്പിച്ച് സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് അപകടമുണ്ടായത്.