/kalakaumudi/media/media_files/2025/08/03/kannur-2025-08-03-16-18-18.jpg)
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിന്റെ പരിസരത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും പലതവണ കണ്ണൂര്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു.
പതിവു പരിശോധനയ്ക്കിടെയാണ് സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തിയത്. ഇത് ആരുടേതാണെന്നതു സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ സൗകര്യമുണ്ടെന്ന് സൗമ്യ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. പണം നല്‍കിയാല്‍ പുറത്തേക്കു വിളിക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു.
അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ നിന്നാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. തുടര്‍ന്ന് ജയിലിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവരുന്നത്.