മലയാള സിനിമയിൽ വിസ്മയം തീർത്ത ബഹുമുഖ പ്രതിഭ ;ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിക്കാനും ശ്രീനിവാസൻ ഇനിയില്ല

പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്

author-image
Devina
New Update
sreeni

തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ മലയാളികൾക്ക് നഷ്ടമായിരിക്കുന്നത് .

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ അതിശയിപ്പിച്ച  അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർത്ഥപൂർണ്ണമായ ഉദാഹരണമായിരുന്നു.

സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല എന്നുതന്നെ പറയാൻ കഴിയും .

നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരിൽ മുന്നിലാണ്.

പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. 

കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.

മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു.

'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മിഥുനം', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്.

സംവിധായകൻ എന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മറ്റൊരു തലത്തിലേക്ക്  ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.

ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹവും അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.

ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു.

 ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.