അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും

ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിലൊരാൾ പാലക്കാട് സ്വദേശിയും ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്.

author-image
Anagha Rajeev
New Update
jjjjj
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: തൃശ്ശൂർ സ്വദേശി ഉൾപ്പെട്ട അവയവക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധിപേരാണ് ഇയാൾവഴി അവയവയക്കടത്തിന് ഇരകളായത്. ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിലൊരാൾ പാലക്കാട് സ്വദേശിയും ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്. ഇവർക്ക് പുറമേ കൂടുതൽപേർ അവയവക്കടത്തിന് ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം.

വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റാണ് തൃശ്ശൂർ സ്വദേശി സബിത്ത് നാസർ(30). കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് ഇയാൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും വിവരമുണ്ട്.

അവയവക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്. പിടിയിലായ സബിത്ത് ഇടനിലക്കാരനാണോ പ്രധാന ഏജന്റാണോയെന്നുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.

സാധാരണക്കാരെ സമീപിച്ച് ചെറിയ തുക വാഗ്ദാനംചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യം ​​ഘട്ടം. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയിൽ നിന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇവർക്ക് വ്യാജ ആധാർകാർഡും പാസ്‌പോർട്ടും എടുത്ത് നൽകി ഇറാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് അവയവം എടുത്തശേഷം തിരികെ കൊണ്ടുവരും. 

ഇരകളായവർക്ക് തുച്ഛമായ തുകയാണ് നൽകിയിരുന്നത്. ഇവർക്ക് എത്ര രൂപയാണ് നൽകിയതെന്നോ അവയവക്കടത്തുമായി ബന്ധപ്പെട്ട് മറ്റ് വലിയ കണ്ണികളുണ്ടോ, എത്ര പേർ ഇരകളായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.

organ trafficking