/kalakaumudi/media/media_files/2025/09/13/rahul-2025-09-13-11-16-04.jpg)
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് 'അശ്രദ്ധ' എന്നാണോ 'ക്രൈം' എന്നാണോ പറയേണ്ടതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ചോദിക്കുന്നു. താന്‍ എംഎല്‍എ ആയതിനു ശേഷം നിരവധി തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ ശേഷം ഇതാദ്യമായാണ് രാഹുല്‍ ഒരു മന്ത്രിയ്‌ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീമതി വീണാ ജോര്‍ജ്,
പാലക്കാട് ജില്ലാ ആശുപത്രിയില്‍ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കള്‍ പാലക്കാട് എത്തി അത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊന്‍തൂവലായി ചിത്രീകരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കള്‍ നടത്തില്ലേ ? ആ നേട്ടത്തിനു കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങള്‍ നല്‍കുമോ?
അത്രയും അല്‍പത്തരങ്ങളുടെ ആള്‍രൂപമായ ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് ? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താന്‍ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകള്‍ക്ക് മാത്രം നാഥനില്ലാതെ പോകുന്നത് ?
കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോള്‍ ''എന്റെ കൈ എവിടെ അമ്മേ?'' എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവു കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാര്‍ നിങ്ങള്‍ മാത്രം അല്ലേ ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോ ? കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് 'അശ്രദ്ധ' എന്നാണോ 'ക്രൈം' എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടര്‍ച്ചയായി ഭീതിജനകമായ വീഴ്ച്ചകള്‍ ഉണ്ടാകുമ്പോള്‍ സാധാരണ മനുഷ്യര്‍ എങ്ങനെ വിശ്വസിച്ചു ആശുപത്രികളില്‍ എത്തും?
കഴിഞ്ഞ ദിവസം കരൂരില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍ 'വേണമെങ്കില്‍ ഒരു വിദഗ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം' എന്ന് താങ്കള്‍ പറഞ്ഞിരുന്നു. മിനിസ്റ്റര്‍, സത്യത്തില്‍ കൂടുതല്‍ ആളുകള്‍ വേണം, അത് തമിഴ്‌നാട്ടില്‍ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്. ഞാന്‍ എംഎല്‍എ ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകള്‍ പൂര്‍ണമാണോ ? പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവു നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അടക്കമുള്ളവര്‍ തന്ന നിവേദനങ്ങള്‍ അവഗണനയുടെ ചവറ്റു കൊട്ടയില്‍ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റര്‍ ?
ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്. കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്.