/kalakaumudi/media/media_files/EYFoFfbThhYbe1o9pDDq.jpeg)
എംഎല്‍എ ഓണറേറിയത്തിന്റെ ഒരു വിഹിതം ഇനി മുതല്‍ പാര്‍ട്ടിക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊച്ചിയില്‍ ജോര്‍ജ് ഈഡന്‍ അനുസ്മരണ ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. എം എല്‍ എ ഓണറേറിയത്തിന്റെ ഒരു വിഹിതം ഇനി മുതല്‍ പാര്‍ട്ടിക്ക് നല്‍കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനം നേതാക്കളും പ്രവര്‍ത്തകരും കയ്യടിച്ച് സ്വാഗതം ചെയ്തു.
എംപി മാരും എംഎല്‍എമാരും ഓണറേറിയത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് മുന്നോട്ടു വച്ചത്. ജോര്‍ജ് ഈഡന്‍ മുമ്പ് ഓണറേറിയത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കിയിരുന്നു . എന്നാല്‍ ഇപ്പോള്‍ ജനപ്രതിനിധികളാരും പാര്‍ട്ടിക്കിത് നല്‍കുന്നില്ല എന്ന പരിഭവമാണ് മുഹമ്മദ് ഷിയാസ് പങ്കുവച്ചത്. സിപിഐഎം ജനപ്രതിനിധികള്‍ കൃത്യമായി പാര്‍ട്ടിക്ക് ലെവി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡി സി സി സംഘടിപ്പിച്ച ഈഡന്‍ അനുസ്മരണ ചടങ്ങില്‍ എം പി ഹൈബി ഈഡന്‍, എം എല്‍ എ മാരായ കെ ബാബു, ടി ജെ വിനോദ് , കെ പി സി സി - ഡി സി സി ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.