മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് ;അജിത് പവാര്‍ എന്ന അതികായന്‍

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അന്തരിച്ച അജിത് പവാർ. ഒരു തെരഞ്ഞെടുപ്പിലും തോൽക്കാത്ത നേതാവ് എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്

author-image
Devina
New Update
ajith pawar

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അന്തരിച്ച അജിത് പവാർ. ഒരു തെരഞ്ഞെടുപ്പിലും തോൽക്കാത്ത നേതാവ് എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ഏറ്റവും കൂടുതൽ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന നേതാവാണ് അജിത് പവാർ. ആറു തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായിരുന്നത്.

എട്ടു തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. എല്ലാത്തവണയും വിജയിച്ചു.മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനും മുൻ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ. 

1959 ജൂലൈ 22 ന് അഹമ്മദ് നഗർ ജില്ലയിലെ ദിയോലാലി പ്രവരയിലാണ് അജിത് അനന്തറാവു പവാറിന്റെ ജനനം. അനന്തറാവു- അഷ്ടതായി പവാർ എന്നിവരാണ് മാതാപിതാക്കൾ. ശരദ് പവാറിന്റെ മൂത്ത സഹോദരനാണ് അനന്തറാവു. പിതാവിന്റെ മരണത്തെത്തുടർന്ന് അജിത് കോളജ് പഠനം അവസാനിപ്പിച്ചു.ശരദ് പവാറിന്റെ പാത പിന്തുടർന്ന്, 1982 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് അജിത് പവാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

കോ- ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി ബോർഡിലേക്കായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1991 ൽ പൂനെ ജില്ലാ സഹകരണ ബാങ്ക് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 1991 ലാണ് ആദ്യമായി പാർലമെന്ററി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ബാരാമതിയിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.

പിന്നീട് നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായ ശരദ് പവാറിനു വേണ്ടി സീറ്റ് ഒഴിഞ്ഞു. തുടർന്ന് ബരാമതി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ മഹാരാഷ്ട്ര നിയമസഭയിലെത്തി. 1991 ലെ ഉപതെരഞ്ഞെടുപ്പ് മുതൽ 2024 ലെ തെരഞ്ഞെടുപ്പ് വരെ എട്ടു തവണ നിയമസഭാംഗമായിരുന്നിട്ടുണ്ട്. 

പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ എന്നിവർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഫഡ്‌നാവിസ് സർക്കാരിൽ ധനകാര്യം, ആസൂത്രണം, എക്‌സൈസ്, സ്‌പോർട്‌സ്, യുവജനക്ഷേമം, ന്യൂനപക്ഷക്ഷേമം എന്നി വകുപ്പുകളുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരുന്നു.

2022 മുതൽ 2023 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 2019 ലാണ് ഇളയച്ഛൻ ശരദ് പവാറുമായി ഇടഞ്ഞ് അജിത് പവാർ ബിജെപി ക്യാംപിലെത്തുന്നത്. ബിജെപി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ 80 മണിക്കൂർ മാത്രമേ ഫഡ്‌നാവിസ് സർക്കാരിന് ആയുസ്സുണ്ടായുള്ളൂ.

ബിജെപി സർക്കാർ തകർന്നതോടെ അജിത് പവാർ എൻസിപിയിൽ തിരിച്ചെത്തി. തുടർന്ന് മഹാ വികാസ് അഘാഡി സഖ്യത്തിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. 2022 ൽ ശിവസേനയിലിലെ പിളർപ്പിനെത്തുടർന്ന് മഹാ വികാസ് അഘാഡി സർക്കാർ തകർന്നു.

ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി ബിജെപി സഖ്യസർക്കാർ അധികാരത്തിൽ വന്നു. അപ്പോൾ അജിത് പവാർ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായി. 2023 ൽ ൽ എൻസിപിയിൽ വീണ്ടും ഭിന്നത രൂക്ഷമാകുകയും അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി പിളർത്തി, എൻസിപി അജിത് പവാർ എന്ന പാർട്ടി രൂപീകരിക്കുകയുമായിരുന്നു.

പാർട്ടി അധ്യക്ഷപദവിയെച്ചൊല്ലിയുള്ള കലഹമാണ് പിളർപ്പിലേക്ക് വഴിതെളിച്ചത്. തുടർന്ന് അജിത് പവാർ പക്ഷം ബിജെപി ക്യാംപിനൊപ്പം ചേരുകയായിരുന്നു. അടുത്തിടെ ഭിന്നത മറന്ന് ശരദ് പവാറുമായി യോജിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് വിമാനദുരന്തത്തിൽ അജിത് പവാറിന്റെ മരണം. സുനേത്ര പവാറാണ് അജിത് പവാറിന്റെ ഭാര്യ. രണ്ട് ആൺമക്കളുണ്ട്. ജയ്, പാർത്ഥ് പവാർ എന്നിവർ. എൻസിപി എംപി സുപ്രിയ സുലെ അടുത്ത ബന്ധുവാണ്.