/kalakaumudi/media/media_files/2026/02/10/suresh-malam-2026-02-10-12-10-52.jpg)
പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചു. ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകളിലെ സൂചന.
''സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്നു ഞാന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയില്‍ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്''
2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റികളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസ്സിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് നിരവധി തവണ കത്തു നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
സിപിഎമ്മില്‍നിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി ദിവസങ്ങള്‍ക്ക് മുന്‍പ് സുരേഷ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയോടാണ് സുരേഷ് ചോദ്യങ്ങളുന്നയിച്ചത്. പോസ്റ്റിനൊപ്പം, പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്താക്കിയതിനു നല്‍കിയ കത്തിന്റെ ചിത്രവും സുരേഷ് ചേര്‍ത്തിരുന്നു. സിപിഎമ്മില്‍നിന്നു പുറത്താക്കിയതു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സുരേഷ് പോസ്റ്റില്‍ വിവരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
