കൊച്ചിയില്‍ സ്‌കൂട്ടറിനു പിന്നില്‍ ബസിടിച്ചു, കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

എളമക്കരയ്ക്കടുത്തുള്ള പുന്നയ്ക്കല്‍ രാഘവേന്ദ്ര സ്വാമി മഠത്തില്‍ രാവിലെ ഭജനയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു ഗോവിന്ദ്. എറണാകുളം ടൗണ്‍ഹാളിനു സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് വന്ന സ്വകാര്യ ബസ് ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

author-image
Biju
New Update
scoter

കൊച്ചി: ബസുകളുടെ മരണപ്പാച്ചില്‍ നഗരത്തില്‍ വീണ്ടുമൊരു ജീവനെടുത്തു. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗോവിന്ദ് എസ്.ഷേണായ് (18) ആണ് ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എറണാകുളം ടിഡി റോഡില്‍ എസ്എസ് കലാമന്ദിറിന് എതിര്‍ വശത്താണ് ഗോവിന്ദിന്റെ വീട്.  

എളമക്കരയ്ക്കടുത്തുള്ള പുന്നയ്ക്കല്‍ രാഘവേന്ദ്ര സ്വാമി മഠത്തില്‍ രാവിലെ ഭജനയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു ഗോവിന്ദ്. എറണാകുളം ടൗണ്‍ഹാളിനു സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് വന്ന സ്വകാര്യ ബസ് ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എറണാകുളംഏലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്.

ഇടിയേറ്റ് തെറിച്ചുവീണ ഗോവിന്ദിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ബസിന്റെ അമിതവേഗമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബസുകളുടെ മത്സരപ്പാച്ചിലില്‍ കൊച്ചി നഗരത്തില്‍ ദിവസേനയുണ്ടാകുന്ന അപകടങ്ങളിലെ അവസാന ഇരയാണ് ഗോവിന്ദ്.

മൃംദംഗവാദകന്‍ കൂടിയായ ഗോവിന്ദ് ഭവന്‍സിലെ പ്ലസ് ടു കൊമേഴ്‌സ് പഠനശേഷം ഈ വര്‍ഷമാണ് തേവര എസ്എച്ച് കോളജില്‍ ചേര്‍ന്നത്.

ernakulambus accident