കഥകളുടെ ഇതിഹാസത്തിന് യാത്രാമൊഴി

തൂലികകൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച സാഹിത്യകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ കൊട്ടാരം റോഡിലെ 'സിതാര'യിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

author-image
Prana
New Update
MT pinarayi

മലയാളത്തിന്റെ എംടിക്ക് നാടിന്റെ യാത്രാമൊഴി. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ എംടിയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. തൂലികകൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച സാഹിത്യകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ കൊട്ടാരം റോഡിലെ 'സിതാര'യിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ എം.ടി. അവസാനമായി സിതാരയുടെ പടിയിറങ്ങി.
സിതാരയില്‍ നിന്ന് ആരംഭിച്ച അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷന്‍, ബാങ്ക് റോഡ്, കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്‍ഡ് വഴി ശ്്മശാനത്തിലേക്ക് എത്തി. മലയാളത്തിന്റെ പ്രിയ സാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വഴിനീളെ ആളുകള്‍ കാത്തുനിന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു.
കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നലെ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.
പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു,കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മലയാളത്തിന്റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു.മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വായുദേവന്‍ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടിയെന്ന് തമിഴനാട് മുഖ്യമന്ത്രി സ്റ്റാലിനും പറഞ്ഞു.
പാതിരാവും പകല്‍വെളിച്ചവും' ആണ് ആദ്യനോവലെങ്കിലും 1954 ല്‍ ആദ്യം പ്രസിദ്ധീകരിച്ചത് നാലുകെട്ടായിരുന്നു. എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തത് നാലുകെട്ട് ആയിരുന്നു. മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ സുധീര്‍ഘമായ കാലം മലയാള സാഹിത്യ മണ്ഡലത്തില്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി നിറഞ്ഞുനിന്നു.
പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈയിലായിരുന്നു ജനനം. എം ടി എന്ന ചുരുക്കപ്പേരില്‍ മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഒമ്പത് കഥകളുടെ സിനിമാസമാഹാരത്തിന്റെ ട്രയിലര്‍ 'മനോരഥങ്ങള്‍' പുറത്തിറങ്ങുന്ന ചടങ്ങില്‍ കൊച്ചിയിലാണ് ഒടുവിലായി എംടി  പങ്കെടുത്തത്.

 

funeral farewell mt vasudevan nair