'പ്രളയശേഷം ഒരു ജലകന്യക' പ്രദർശനത്തിനെത്തുന്നു

2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ''ശ്രീ'' തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദർശന ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും

author-image
Prana
New Update
MOVIE

MOVIE Photograph: (google)

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) നിർമ്മിച്ച പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകൾ പ്രദർശനത്തിനെത്തുന്നു. വി.എസ്. സനോജ് സംവിധാനം ചെയ്ത 'അരിക്', മനോജ് കുമാർ സി.എസ്. സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക' എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ''ശ്രീ'' തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദർശന ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡിഷണൽ ചീഫ് സെക്രട്ടറി (സാംസ്‌കാരിക കാര്യ വകുപ്പ്) ഡോ. രാജൻ നാംദേവ് ഖോബ്രഗഡെ, സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ സി., കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ കരുൺ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ., കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുക്കും. ചിത്രങ്ങളിൽ 'അരിക്' ഫെബ്രുവരി 28 ന് പ്രദർശനത്തിനെത്തും. 'പ്രളയശേഷം ഒരു ജലകന്യക' മാർച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി/ പട്ടികവർഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി സിനിമകൾ നിർമ്മിച്ചത്. ഈ പദ്ധതി പ്രകാരം പ്രദർശനത്തിനെത്തുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളാണിവ. ഇന്ത്യയിൽ ആദ്യമായാണ് പട്ടികജാതി / പട്ടികവർഗ്ഗ ശാക്തീകരണത്തിന്റെ ഭാഗമായി ഈ വിഭാഗത്തിലെ സംവിധായകരുടെ സിനിമകൾ സർക്കാർ നിർമ്മിക്കുന്നത്.

movie