ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല, അമ്മ തിരികെവന്നില്ല: കരഞ്ഞ് പറഞ്ഞ് മകള്‍

അപകടം നടന്നു രണ്ടര മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണു ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം

author-image
Biju
New Update
bindudfs

കോട്ടയം: മെഡിക്കല്‍ കോളജിലെ അപകടത്തില്‍ അധികൃതരുടെ അനാസ്ഥയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞതോടെയാണ് ഒരാള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരിക്കാം എന്ന സംശയം ബലപ്പെടുന്നത്. ഇതോടെ ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

അപകടം നടന്നു രണ്ടര മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണു ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു സ്ഥലത്തെത്തിയ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണു തകര്‍ന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. 

പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്കു പരുക്കേറ്റതെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനയോഗം ചേരുമ്പോഴാണ് അപകടം നടന്നത്. എന്നിട്ടും മുഖ്യമന്ത്രി ഇവിടേക്ക് എത്തിയില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

kottayam medical collage