/kalakaumudi/media/media_files/2025/07/20/akshay-death-2025-07-20-12-54-49.jpg)
തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയാണ് (19) മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡില്‍ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അക്ഷയും രണ്ട് സുഹൃത്തുക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്.
പിരപ്പന്‍കോട് എന്ന സ്ഥലത്ത് കല്യാണത്തിന്റെ കാറ്ററിംഗ് ജോലിക്ക് പോയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ്. പതിനൊന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. റബര്‍ മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടര്‍ന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റില്‍ തട്ടി എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദ്രവിച്ച നിലയിലായിരുന്നു പോസ്റ്റ് നിന്നിരുന്നത്. മരവും പോസ്റ്റും റോഡിലേക്ക് വീണുകിടന്നത് അക്ഷയുയും സുഹൃത്തുക്കളും ശ്രദ്ധിച്ചില്ല. വിനോദ്, അമല്‍നാഥ് എന്നിവരെയാണ് കൂടെയുണ്ടായിരുന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.