മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) അബദ്ധത്തില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്തുകുടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മദ്യം കഴിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40)വിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കുമളിയിലാണ് സംഭവം. ജോബിനും പ്രഭുവും മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം തമിഴ്‌നാട്ടില്‍ നിന്നു വരികയായിരുന്നു. തിരുപ്പൂരില്‍ വെച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ഡിവിഷന്‍ സ്വദേശി പ്രതാപിന്റെ മൃതദേഹവുമായി വീട്ടിലേക്ക് വരുന്ന വഴി കുമളിയില്‍ വാഹനം നിര്‍ത്തിയിരുന്നു.
ഈസമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നു കരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.