abdul raheems release
റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടർനടപടികളിലേക്ക് കടന്ന് സൗദിയിലെ ഇന്ത്യൻ എംബസി.വരുന്ന ദിവസം വാദിവിഭാഗം വക്കീലുമായി എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.അതെസമയം റഹീമിൻറെ മോചനത്തിലേക്ക് എത്താനുള്ള കടമ്പകൾ പൂർത്തിയാകാനുള്ള കാത്തിരിപ്പിലാണ്ഇ കുടുംബവും നാട്ടുകാരും.
അബുറഹീമിൻറെ മോചനത്തിനാവശ്യമായ തുക മുഴുവൻ, റിക്കോർഡ് സമയത്തിനുള്ളിൽ സ്വരൂപിക്കാൻ മലയാളികൾക്ക് സാധിച്ചു. എന്നാൽ ഈ തുക സൗദിയിൽ മരിച്ചയാളുടെ കുടുംബത്തെ ഏൽപ്പിച്ച് അബ്ദുറഹീമിനെ മോചിപ്പിക്കുക എന്നതാണ് ഇനിയുള്ള ദൗത്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പണം സൗദിയിലെത്തിക്കാനുള്ള വഴികൾ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മോചനദ്രവ്യമായ 15 മില്യൺ റിയാൽ റെഡിയാണെന്ന് വാദിവിഭാഗം വക്കീലിനെ എംബസി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മ പ്രതിനിധികളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ബോധ്യപ്പെടുത്തും.
തുടർന്ന് വാദിഭാഗം വക്കീലും, പ്രതിഭാഗം വക്കീലും, കൊല്ലപ്പെട്ട സൗദിയുടെ കുടുംബവുമെല്ലാം ഒരുമിച്ച് വിധി പ്രസ്താവിച്ച കോടതിയെ സമീപിക്കും. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാൻ തയ്യാറാണെന്ന് ഇവർ കോടതിയെ അറിയിക്കും. ഇത് സ്വീകരിക്കുന്ന കോടതി അപ്പീലുകൾക്കായി ഒരു മാസത്തെ സമയം അനുവദിക്കും. ഈ സമയപരിധി പൂർത്തിയായ ശേഷം കോടതി ഇക്കാര്യം മേൽക്കോടതിയെ അറിയിച്ച് അനുമതി വാങ്ങും.
മേൽക്കോടതിയുടെ അനുമതി ലഭിച്ച ശേഷം 15 മില്യൺ റിയാൽ കൊല്ലപ്പെട്ട സൗദി പൗരൻറെ കുടുംബത്തെ ഏൽപ്പിക്കും. ഇതോടെ റഹീമിൻറെ പേരിലുള്ള വധശിക്ഷ കോടതി റദ്ദാക്കുകയും ജയിൽ മോചിതനാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാകാൻ 2 മാസത്തിൽ കൂടുതൽ സമയമെടുക്കും എന്നാണ് സൂചന.. യൂസുഫ് കാക്കഞ്ചേരിയാണ് എംബസിയുടെ ഭാഗത്ത് നിന്നും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്.