തൃക്കാക്കര: കാക്കനാട് മെട്രോ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.എടത്തല കുഴിവേലിപ്പടി തനങ്ങാട്ടിൽ വീട്ടിൽ അഹമ്മദ് നൂർ (28) ആണ് മരിച്ചത്. ഉച്ചക്ക് 2.55 ഓടെയായിരുന്നു സംഭവം. ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് കാക്കനാട് മീഡിയ അക്കാദമിക്ക് സമീപത്തെ മെട്രോ സ്റ്റേഷൻ നിർമ്മാണ സൈറ്റിലാണ് അപകടമുണ്ടായത്.ഹിറ്റാച്ചി കൊണ്ട് മാറ്റുന്ന മണ്ണ് അവിടെ നിന്ന് നീക്കം ചെയ്യാനായാണ് അഹമ്മദ് നൂർ ലോറിയുമായി എത്തിയത്. ലോറിയിൽ മണ്ണ് കയറ്റിയതിന് ശേഷം ടാർപായ ഇടുന്നതിനായി ലോറിക്ക് പിന്നിലേക്ക് വരുന്നതിനിടെ ഹിറ്റാച്ചിക്കും ലോറിക്കും ഇടയിൽപെടുകയായിരുന്നു. ഉടൻ തന്നെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പിതാവ്: അഷറഫ്. മാതാവ്: ആയിഷ ബീവി
ഭാര്യ: സഹറ.
# സുരക്ഷ കർശനമാക്കും കെ.എം.ആർ.എൽ
മെട്രോയുടെ ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട പാതയുടെ നിർമ്മാണ സൈറ്റിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവര്‍ അഹമ്മദ് നൂർ മരിക്കാനിടയായ സംഭവത്തെ തുടർന്ന് സുരക്ഷ കർശനമാക്കുമെന്ന് കെ.എം.ആർ.എൽ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.കെ ജയകുമാർ പറഞ്ഞു.ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രോജക്ട് വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
മരണപ്പെട്ട വ്യക്തിയുടെ കുടംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.