
പ്രതീകാത്മക ചിത്രം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ(54) ആണ് മരിച്ചത്. അപകടത്തിൽ യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു.
എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് എയർപോർട്ടിലേക്ക് യാത്രക്കാരുമായി പോയ ഇന്നോവ കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരായ അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അങ്കമാലി ഭാഗത്തുനിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്നയാളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ മൂന്ന് വാഹനങ്ങളും പൂർണമായും തകർന്നു.