/kalakaumudi/media/media_files/2026/03/02/img_2974-2026-03-02-14-14-03.webp)
കോഴിക്കോട്: നല്ലളത്തെ ആ കൊടുംവളവിൽ കാർ തകർന്നുതരിപ്പണമായപ്പോൾ നഷ്ടമായത് നാല് ജീവനുകൾ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ്. അപകടത്തിൽ മരിച്ച ശ്യാംലാലിന്റെ വിയോഗം തളർത്തുന്നത് ഏഴാം മാസം ഗർഭിണിയായ തന്റെ പ്രിയതമയെയും ജനിക്കാനിരിക്കുന്ന കുഞ്ഞിനെയുമാണ്. വിവാഹം കഴിഞ്ഞ് പുതിയൊരു അതിഥിക്കായുള്ള കാത്തിരിപ്പിനിടയിൽ, രണ്ടാഴ്ച മുൻപാണ് ഗർഭിണിയായ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുകൾ നടന്നത്. കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെ വിധി ശ്യാംലാലിനെ കവർന്നപ്പോൾ, ഒൻപതാം മാസത്തിൽ ഭാര്യയ്ക്ക് നൽകാനായി വാങ്ങി വെച്ച പുത്തൻ വസ്ത്രങ്ങൾ ആ വീട്ടിൽ ഒരു നീറുന്ന ഓർമ്മയായി അവശേഷിക്കുന്നു. മരണത്തിന് തലേദിവസം മണ്ണൂരിലുള്ള അമ്മമ്മയെ കണ്ട്, അവർക്കിഷ്ടപ്പെട്ട കല്ലുമ്മക്കായയും നൽകി സ്നേഹം പങ്കിട്ട് മടങ്ങിയ ശ്യാംലാലിന്റെ ആ ചിരി അവസാനത്തേതാകുമെന്ന് ആരും കരുതിയിരുന്നില്ല. "അമ്മമ്മയെക്കണ്ട് സ്നേഹം പറഞ്ഞ് ഇറങ്ങിയതാണ്, ഇന്നീ ഗതി വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല" എന്ന് മാതൃസഹോദരൻ പ്രസാദ് വിങ്ങലോടെ ഓർക്കുമ്പോൾ, ആ വീട് ഇന്ന് പെയ്തുതീരാത്ത കണ്ണീർക്കടലായി മാറിയിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
