/kalakaumudi/media/media_files/2024/12/10/mbDq9DfI2xHpGsk6pAfJ.jpg)
കൊച്ചി: തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ഫാർമസി ജീവനക്കാരൻ വിഷ്ണുദത്ത് അപകടത്തിൽ മരിച്ചതിൽ ഹൈക്കോടതി ഇടപെടൽ. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നിരന്തരം കോടതി ഉത്തരവുണ്ടായിട്ടും അധികൃതർ ലാഘവത്തോടെ എടുക്കുന്നതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിനോടും തൃശൂർ കോർപ്പറേഷനോടും വിശദീകരണം തേടി. ഹർജി ജൂലായ് മൂന്നിന് പരിഗണിക്കാൻ മാറ്റി.
അധികൃതർ അവരുടെ ജോലിയും കടമകളും കൃത്യമായി നിർവഹിക്കാത്തതിനാൽ ഒരു കുടുംബം തകർന്നുവെന്ന് കോടതി വിലയിരുത്തി. സംഭവം തൃശൂരാണ് നടന്നതെങ്കിലും കൊച്ചിയിലടക്കം എവിടെയും ആവർത്തിക്കാനിടയുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ റോഡുകളിലുണ്ട്. മൺസൂൺ കാലത്ത് വെള്ളംനിറഞ്ഞ വലിയകുഴികളിൽ യാത്രക്കാർ വീണ് അപകടമുണ്ടാകുന്നു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർക്കടക്കം ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്.
പാലാരിവട്ടം കാക്കനാട് മെട്രോനിർമാണം നടക്കുന്ന റോഡിൽ ഡ്രൈവിംഗ് അസാദ്ധ്യമാണെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു.
കോടതി നിർദേശങ്ങളെ ലാഘവത്തോടെയെടുക്കുന്ന പ്രവണത അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിശദീകരണം നൽകിയിട്ടുള്ളതായി ദേശീയപാത അതോറിറ്റി അറിയിച്ചു. അടുത്തവർഷം മാർച്ചോടെ പരിഹാര നടപടികളാകും. മറ്റിടങ്ങളിൽ നിർമ്മാണം മുടങ്ങാതെ നടക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.