ന്യൂഡൽഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യൻ നഗരങ്ങളിൽ കടൽ ജല നിരപ്പ് ഉയരുന്നതായി പഠനം. മുംബൈയിലാണ് 1987 നും 2021 നും ഇടയിൽ ഏറ്റവും കൂടുതൽ സമുദ്രനിരപ്പ് ഉയർന്നത്. 4.44 സെന്റീമീറ്റർ. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കൊച്ചി.
മുംബൈയ്ക്ക് പിന്നാലെ, ഹാൽദിയ ( 2.726 സെന്റീമീറ്റർ), വിശാഖപട്ടണം ( 2.381 സെന്റീമീറ്റർ), കൊച്ചി ( 2.381 സെന്റീമീറ്റർ), പാരാദ്വീപ് (0.717 സെന്റീമീറ്റർ), ചെന്നൈ ( 0.679 സെന്റീമീറ്റർ) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യൻ നഗരങ്ങൾ. ബംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി നടത്തിയ പഠനമാണിത് വ്യക്തമാക്കുന്നത്.
സമുദ്ര നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5 ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കടൽജലനിരപ്പ് ഉയരുന്നത്. മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5 ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമുദ്രനിരപ്പിലെ വർദ്ധനവ് നൂറ്റാണ്ടിൻ്റെ അവസാനം വരെ തുടരും. ഏറ്റവും ഉയർന്ന വർധന മുംബൈയിലാകും ഉണ്ടാകുക. 2100 ആകുമ്പോഴേക്കും മുംബൈയിൽ 76.2 സെന്റിമീറ്റർ ജലനിരപ്പ് ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
