പ്രതീകാത്മക ചിത്രം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്ടെ അച്ചൻകുളം അടച്ചു. കുളത്തിൽ കുളിച്ച 12-വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതോടെയാണ് നടപടി. ഫറോക്ക് മുനിസിപ്പാലിറ്റിയാണ് കുളം അടച്ചത്. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗ ലക്ഷണം കണ്ടത്. കുളത്തിലെത്തിയ മറ്റ് കുട്ടികളുടെ സാമ്പിളുകളും ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്.
ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12-വയസുകാരന് കഴിഞ്ഞദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 12 ന് കണ്ണൂർ സ്വദേശിയായ 13 കാരിയും കഴിഞ്ഞ മാസം മലപ്പുറം സ്വദേശിയായ അഞ്ചു വയസ്സുകാരിയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.