/kalakaumudi/media/media_files/2025/07/23/chudukad-2025-07-23-13-16-07.jpg)
ആലപ്പുഴ: രാഷ്ട്രീയ കേരളത്തിലെ മാത്രമല്ല, രാജ്യചരിത്രത്തിലെ തന്നെ പ്രമുഖര്‍ അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട് എന്നും ഏതൊരു കമ്മ്യൂണിസ്റ്റിനും ആവേശമാണ്. ദേശീയപാതയില്‍ ആലപ്പുഴവഴി കടന്നുപോകുന്ന ഒരാളും ഒരിക്കലും വലിയ ചുടുകാട് കാണാതെ പോയിട്ടില്ല... പുന്നപ്ര സമര നായകന്‍ വി.എസ് അച്യുതാനന്ദന്‍ അന്ത്യവിശ്രമംകൊള്ളുന്നതും ഇനി ഇവിടെയായിരിക്കും.
വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വിഎസ്സിനുള്ള ചിതയൊരുങ്ങിയിരിക്കുകയാണ്. കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്‌കാരം നടക്കുക. പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനം വിഎസിന്റെ പേരിലാണെന്ന പ്രത്യേകതയുണ്ട്.
പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സംസ്‌കാരച്ചടങ്ങുകളാണ് ഇവിടെ നടക്കുക. സ്മാരകത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കായി പ്രത്യേകം വേര്‍തിരിച്ച ഭൂമിയുണ്ട്. പുന്നപ്ര സമര നേതാവായിരുന്ന പി.കെ.ചന്ദ്രാനന്ദന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ സമരനായകനും സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ വിഎസിനായി പ്രത്യേകം സ്ഥലം പാര്‍ട്ടി തയാറാക്കുകായിരുന്നു.
വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതു ഭാഗത്താണ് വിഎസിന്റെ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേകം സ്മാരകം തയാറാക്കുന്നുണ്ടോ എന്നു തീരുമാനിച്ചിട്ടില്ല. വലിയ ചുടുകാട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സിപിഎം ഏരിയ സെന്ററിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍. രാമച്ചവും വിറകും കൊതുമ്പും മാത്രമാണ് ചിതയ്ക്ക് ഉപയോഗിക്കുന്നതെന്ന് സെന്റര്‍ അംഗം വി.ജി. വിഷ്ണു പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചതിനു ശേഷം വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയില്‍ തീ പകരും. മറ്റു ചടങ്ങുകള്‍ ഇവിടെ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്ക് നില്‍ക്കാനായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്.