ക്ഷേമ പെന്‍ഷന്‍ തട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18% പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കും

അനര്‍ഹര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക പിഴ സഹിതം തിരികെ ഈടാക്കും.

author-image
Prana
New Update
welfare

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക പിഴ സഹിതം തിരികെ ഈടാക്കും. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെടുന്ന അവസരത്തില്‍ പെന്‍ഷന്‍ അടിയന്തരമായി റദ്ദു ചെയ്യുകയും അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ അനര്‍ഹരായ വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെ അനര്‍ഹരായ നിരവധി ആളുകള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണര്‍ക്കും നിരാലംബരുമായവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹരായവര്‍ കൈക്കലാക്കുന്നത് തടയേണ്ടതും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ്. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ജീവിതം വഴിമുട്ടിയര്‍ക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റി കൊണ്ടിരിക്കുന്നത്.
ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനര്‍ഹമായി 1458 പേര്‍ക്ക് മാസം തോറും ക്ഷേമ പെന്‍ഷന്‍ കിട്ടുമ്പോള്‍ ഒരു മാസം പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്നത് ഇരുപത്തിമൂന്ന് ലക്ഷം രൂപയോളമാണ്. ഒരു വര്‍ഷമെടുത്താല്‍ അത് രണ്ടേമുക്കാല്‍ കോടിയോളം വരും. പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ് വെയറിലേയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ് വെയറിലേയും ആധാര്‍ നമ്പറുകള്‍ ഒരു പോലെ വന്നതാണ് തട്ടിപ്പ് പിടിക്കപ്പെടാനിടയാക്കിയത്.

 

fraud government employees welfare pension Disciplinary action