/kalakaumudi/media/media_files/2026/01/28/nagarasa-2026-01-28-11-23-53.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുമതി ഇല്ലാതെ ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് കോർപ്പറേഷൻ ചുമത്തിയ പിഴ അടയ്ക്കാതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് അനുമതി ഇല്ലാതെ ബിജെപി പ്രവർത്തകർ ഫ്ളക്‌സ് ബോർഡുകളുൾപ്പെടെ സ്ഥാപിച്ചത്.
ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ നോട്ടീസ് നൽകി നാല് ദിവസമായിട്ടും ഇത് വരെ ബിജെപി പിഴയടച്ചില്ല. ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ബിജെപിക്കു നോട്ടിസ് അയച്ചത്. വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതു ചൂണ്ടിക്കാട്ടി 19.97 ലക്ഷം രൂപ പിഴ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടിയാണ് മുനിസിപ്പൽ കോർപ്പറേഷൻ റവന്യൂ ഓഫിസർ 23ന് നോട്ടിസ് നൽകിയത്. രണ്ടു ദിവസത്തിനുള്ളിൽ പിഴത്തുക അടച്ച് തുടർനടപടികൾ ഒഴിവാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
പിഴ നോട്ടീസിന്റെ പകർപ്പ് സഹിതം കോർപ്പറേഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കന്റോൺമെന്റ്, തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പ്രചാരണാർഥം ബോർഡുകൾ സ്ഥാപിച്ചതിനും കോർപ്പറേഷൻ ബിജെപിക്ക് 36,000 രൂപയുടെ പിഴ നോട്ടിസ് നൽകിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
