നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക

author-image
Devina
New Update
prem

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇന്നലെ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫോണിൽ സംസാരിച്ചിരുന്നു.കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.

 കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്നിവരുമായി പ്രേംകുമാർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ അനുനയ നീക്കവുമായി സിപിഎം നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടിൽ എത്തിയിരുന്നു.

നടൻ വീട്ടിലില്ലാത്തതിനാൽ കാണാനാകാതെ മടങ്ങുകയും ചെയ്തു. പ്രേംകുമാർ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാർ. നിലവിൽ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങൾ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.