കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം തെറ്റായ മരുന്നു നല്‍കിയെന്ന ആരോപണവുമായി നടൻ ബാല

നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ. എലിസബത്ത് ഉദയന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ബാലക്കെതിരെ പീഡന ആരോപണം ഉള്‍പ്പെടെ ഡോ. എലിസബത്ത് ഉയര്‍ത്തിയിരുന്നു

author-image
Rajesh T L
New Update
KK

ബാലയും ഭാര്യ കോകിലയും

നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ. എലിസബത്ത് ഉദയന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ബാലക്കെതിരെ പീഡന ആരോപണം ഉള്‍പ്പെടെ ഡോ.എലിസബത്ത് ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബാല. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം തെറ്റായ മരുന്നു നല്‍കി എന്നാണ് ബാലയുടെ ആരോപണം.എന്നാല്‍,ആരാണ് മരുന്നു നല്‍കിയതെന്ന് ബാല വെളിപ്പെടുത്തിയിട്ടില്ല.തമിഴ് മാധ്യമമായ ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.കരള്‍ രോഗത്തില്‍ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ ചതിയില്‍ നിന്നും ദൈവം വീണ്ടും രക്ഷിച്ചുവെന്നും ബാല പറയുന്നു. 

ബാലയുടെ വാക്കുകള്‍: 

ജീവിതത്തിന് ഉയര്‍ച്ച താഴ്ചകളുണ്ട്.എനിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.  രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്,ബാല മരിച്ചുവെന്ന വാര്‍ത്ത പരന്നു, പക്ഷേ ഇതാ ഞാന്‍,നിങ്ങളുടെ ചാനലിന് മുന്നില്‍ എന്നെത്തന്നെ പരിചയപ്പെടുത്തുന്നു.ഞാന്‍ ആശുപത്രിയിലായ സമയത്ത് മരിച്ചെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നു.എനിക്ക് ഒരു മണിക്കൂര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.അവര്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയായിരുന്നു, അതിന് എന്റെ അമ്മയുടെ അനുമതി ചോദിച്ചു.എന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കാതെയായി.അവര്‍ ഒരു മണിക്കൂര്‍ ചോദിച്ചു,പക്ഷേ അര മണിക്കൂറിനുള്ളില്‍ എനിക്ക് എന്തോ സംഭവിച്ചു.എന്റെ തലച്ചോറ്,വൃക്കകള്‍,കരള്‍,ആന്തരിക അവയവങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കാതെയായി.അമ്മ ആ സമയത്ത് ചെന്നൈയിലായിരുന്നു. അപ്പോഴേക്കും ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു കഴിഞ്ഞു.

പോസ്റ്റ്മോര്‍ട്ടം നടത്തി ബോഡി പുറത്തേക്കു വിടാന്‍ വരെ തീരുമാനിച്ചു. കാരണം ആശുപത്രിക്കു പുറത്ത് വലിയ ജനക്കൂട്ടമാണ്.അവരെ കൈകാര്യം ചെയ്യുക എളുപ്പമല്ല.ആ സമയത്ത്,അരമണിക്കൂറിനുള്ളില്‍ ഒരു അദ്ഭുതം സംഭവിച്ചു. ഞാന്‍ തിരിച്ചു ജീവിച്ചതിനുശേഷം, ഈ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് മുഴുവനായി പഠിച്ചു.നിങ്ങള്‍ വിശ്വസിക്കില്ല;ലോകമെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചു.പ്രധാനമായും കുട്ടികളുടെ പ്രാര്‍ത്ഥനകള്‍,ഞാന്‍ പഠിപ്പിച്ച കുട്ടികള്‍, എന്റെ സിനിമകള്‍ കണ്ട നല്ല ആളുകള്‍,ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചവര്‍.അവര്‍ വളരെയധികം പ്രാര്‍ഥിച്ചു.

കഴിഞ്ഞ വര്‍ഷം,എന്റെ ശസ്ത്രക്രിയയ്ക്കു ശേഷം,എനിക്ക് തെറ്റായ മരുന്ന് നല്‍കി.അത് നല്‍കിയ ആളുടെ പേര് ഞാന്‍ പറയില്ല.പക്ഷേ ഇക്കാര്യമറിയാതെ കുറേ നാളുകള്‍ ആ മരുന്ന് കഴിച്ചു.പക്ഷേ അപ്പോഴും,ദൈവം എന്നെ രക്ഷിച്ചു. അതിനുശേഷം 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു.ആ സമയത്ത് ആരും എന്നെ കാണാന്‍ വന്നില്ല. ആ 10 ദിവസത്തിനിടയില്‍,എന്റെ രണ്ടുകൈകളിലും ട്യൂബുകളുണ്ടായിരുന്നു.കുളിക്കുക,ഭക്ഷണം കഴിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ.അത് ഞാന്‍ കോകിലയില്‍ കണ്ടു.ഇവള്‍ എന്നെ സ്‌നേഹിക്കുന്നത് യഥാര്‍ഥമാണെന്ന് മനസ്സിലായി. അവളുടെ പക്വത എന്നെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് കോകിലയാണ്.ഔദ്യോഗിക വിവാഹം മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. അതിന് മുമ്പേ ഞങ്ങളുടെ രഹസ്യ വിവാഹം കഴിഞ്ഞിരുന്നു.കോകിലയുടെ വീട്ടിലും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.ഞാനിപ്പോള്‍ വലിയ ഡ്രാമ നേരിട്ടുകൊണ്ടിരിക്കുകയാണ്.നിയമത്തില്‍ കുറച്ച് വിശ്വാസക്കുറവുണ്ട്. അതിലെ ചില കാര്യങ്ങളില്‍ തെറ്റുണ്ട്.അതുമൂലം കുറേപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ട്.ബാല പറയുന്നു.

actor bala