/kalakaumudi/media/media_files/2025/09/30/dhyan-2025-09-30-17-53-41.jpg)
കൊച്ചി: അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മകന്‍ ധ്യാന്‍ ശ്രീനിവാസനും കൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. എറണാകുളം കണ്ടനാട്ടിലെ പുന്നച്ചാല്‍ പാടശേഖരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ധ്യാന്‍ വിത്തുവിതച്ചു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിത്ത്മഹോത്സവത്തില്‍ ശ്രദ്ധ കവര്‍ന്നതും ധ്യാന്‍ തന്നെ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീനിവാസന്‍ കൃഷിയിറക്കുന്ന കണ്ടനാട് പാടശേഖരവും അവിടുത്തെ പച്ചക്കറി കൃഷിയും സൂര്യകാന്തി തോട്ടങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശ്രീനിവാസന്റെ കൃഷിയിലെ ആ കമ്പം അടുത്ത തലമുറയിലേക്ക് ഏറ്റുവാങ്ങിയിരിക്കുകയാണ് ധ്യാന്‍. ഈ വര്‍ഷം പാടം പൊന്നാക്കാന്‍ തീരുമാനിച്ച് ഉറച്ച് കണ്ടനാട് പാടശേഖര സമിതിയുടെ ഒപ്പം ചേര്‍ന്നാണ് ധ്യാന്‍ കൃഷിയിറക്കുന്നത്.
80 ഏക്കറിലാണ് പാടശേഖര സമിതി നെല്‍ക്കൃഷി പ്ലാന്‍ ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍, സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് പാടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത്. കണ്ടനാട് പാടത്തിലേക്കായി 1,500 കിലോഗ്രാമില്‍ ഏറെ വിത്തുകള്‍ കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ട്. ഇത്തവണ ഉമ വിത്തുകളാണു പ്രധാനമായും വിതയ്ക്കുന്നത്. 5 ഏക്കറില്‍ നാടന്‍ വിത്തുകളും വിതയ്ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീനിവാസന്‍ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണ് ഇന്ന് വ്യാപിച്ച് 80 ഏക്കറിലേക്ക് എത്തിയിരിക്കുന്നത്. കണ്ടനാടിലെ തരിശായി കിടന്ന പാടങ്ങള്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സമിതി പുനര്‍ജീവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കണ്ടനാട് കൊയ്ത്തുല്‍സവം ഉല്‍ഘാടനം ചെയ്യാന്‍ ശ്രീനിവാസനൊപ്പം ധ്യാന്‍ ശ്രീനിവാസനും എത്തിയിരുന്നു. കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കണ്ടനാട്, നെല്‍കൃഷിയും പച്ചക്കറി കൃഷിയും ഇടവേളയിലെ സൂര്യകാന്തി കൃഷിയുമെല്ലാമായി കൃഷിയില്‍ സജീവമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
