നടന്‍ ജയറാം ഇഡിയ്ക്ക് മുൻപിൽ ഹാജരായി

ജാതി മതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ് ശബരിമല. അവിടെ ഇത്തരം തട്ടിപ്പ് നടന്നുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥനാണ്

author-image
Devina
New Update
jayaram

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡിയ്ക്ക് മുൻപാകെ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയറാം ഇഡി ഓഫീസിൽ എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം പറഞ്ഞു. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും ജയറാം പറഞ്ഞു.'ശബരിമലയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേകം വികാരമാണ്.

 ജാതി മതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ് ശബരിമല. അവിടെ ഇത്തരം തട്ടിപ്പ് നടന്നുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളിയുടെ കൂട്ടത്തിലാണ് ഞാനും. കഴിഞ്ഞ 38വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിൽ പലതരത്തിലുള്ള പൂജ, ആനയെ നടയ്ക്കിരുത്തൽ, നടസമർപ്പണം ഇതിനൊക്കെ ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. കഴിവതും അതിനൊക്കെ പോകാറുമുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആളുകൾ പൂജയ്ക്കായി പലതവണ വിളിച്ചുകൊണ്ടുപോയത്'.'ഇതിന്റെയൊക്കെ പിന്നിൽ എന്തെങ്കിലും കള്ളത്തരങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ കോടതിയും ബന്ധപ്പെട്ട ആളുകളും പുറകിലുണ്ട്.

സത്യം വെളിച്ചത്തുകൊണ്ടുവരാനായി എന്നിൽ നിന്ന് ഇവർക്ക് എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടുകാര്യങ്ങൾ കിട്ടുകയാണെങ്കിൽ നല്ലതല്ലേ?. ആ കാര്യങ്ങൾ ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാനുണ്ടെങ്കിൽ അവരും കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതെ വിടുമോ?. അൻപത് വർഷമായി ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തനാണ് താൻ. എന്റെയും കൂടി കടമയാണ് ഇത് വെളിച്ചത്തുകൊണ്ടുവരികയെന്നത്' -ജയറാം പറഞ്ഞു.