ന്യൂഡൽഹി: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് ഞായറാഴ്ച അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയേക്കും. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകയാണ് ഐശ്വര്യ ഭട്ടി. ബലാത്സംഗ കേസിൽ സിദ്ദിഖിനെതിരെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സുപ്രീം കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ക്രൈം നമ്പർ 1192 ഓഫ് 2024-ൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചേക്കും. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണ ഉദ്യോഗസ്ഥയായ ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ് സീനിയർ അഭിഭാഷക ഐശ്വര്യ ഭട്ടിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ ഉന്നയിക്കേണ്ട വാദങ്ങൾക്ക് ഈ കൂടിക്കാഴ്ചയിൽ അന്തിമരൂപമാകും.
കേസിൽ ഇതിനോടകംതന്നെ അതിജീവിതയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലും പറഞ്ഞിരിക്കുന്നതുപോലെ തിരുവനതപുരത്ത് മസ്കറ്റ് ഹോട്ടലിൽവെച്ച് ബലാത്സംഗം നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെയും വിലയിരുത്തൽ. സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.