ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റിന് ശ്രമിക്കവെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നാളെ ഹര്‍ജിനല്‍കുക.ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുവിധി പകര്‍പ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഹര്‍ജി നല്‍കുക. മൂന്‍കൂര്‍ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിദ്ധിഖ് അറസ്റ്റിനു വഴങ്ങാത്തതെന്നാണു വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം.
സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.