ജനാധിപത്യത്തില്‍ കള്ളന്മാര്‍ക്ക് രക്ഷപ്പെടാന്‍ പഴുത്, ആര് ജയിച്ചാലും നമ്മുക്ക് എതിരല്ലേ?: ശ്രീനിവാസന്‍

സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ

author-image
Athira Kalarikkal
New Update
Sreenivasan

തൃപ്പൂണിത്തുറയില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുന്ന നടന്‍ ശ്രീനിവാസന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 തൃപ്പൂണിത്തുറ : 'ജനാധിപത്യത്തില്‍ എല്ലാ കള്ളന്മര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്'. തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടന്‍ ശ്രീനിവാസന്‍. സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

''ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ? ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് താല്‍പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡല്‍ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാള്‍ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങള്‍ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ, ഈ വോട്ടു ചെയ്യുന്നവര്‍ക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്.

ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാന്‍ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോള്‍, ദുബായില്‍നിന്നു ലീവിനു വന്ന ഒരാള്‍ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാന്‍ പറഞ്ഞു, ദുബായില്‍നിന്നു വന്ന ഒരാള്‍ ഇങ്ങനെ ചോദിക്കരുത്. ദുബായിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ ഏതെങ്കിലും പാര്‍ട്ടിയുടെ ആളാണോ ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അല്‍പം സ്‌നേഹം വേണം.''  ശ്രീനിവാസന്‍ പറഞ്ഞു.

 

 

election 2024 Actor Sreenivasan Critiques Democracy