ശ്രീനിക്ക് വിടചൊല്ലി മലയാളക്കര; സംസ്‌കാരം കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടന്നു

ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത

author-image
Biju
New Update
sreeni 6

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍  തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടന്നു. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത്.

മലയാളിയുടെ ഏത് ഭാവത്തേയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനാണ് വിടവാങ്ങിയത്. നര്‍മവും, പരിഹാസവും വിമര്‍ശനവും, പ്രണയവും, സൗഹൃദവും, സ്‌നേഹവും, സങ്കടവും, നിരാശയും അതിന്റെ തീവ്രതയില്‍ പ്രേക്ഷകരിലേക്കെത്തിച്ച ജീനിയസ്. ദീര്‍ഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ശ്രീനിവാസന്‍. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്ന് കണ്ടനാട്ടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ പ്രിയപ്പെട്ടവനെ കാണാന്‍ എത്തിച്ചേര്‍ന്നത് നിരവധിപ്പേരാണ്. വൈകാരിക രംഗങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വീട് സാക്ഷിയായത്.