/kalakaumudi/media/media_files/j6Nq86znO2bKNaMDag7j.jpg)
കൊച്ചി: നടിയ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഉപഹർജിയാണ് ഹൈക്കോടതി തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ഹർജിയിലെ ആവശ്യം. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി.
വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്നാണ് അതിജീവിതയുന്നയിക്കുന്ന വാദം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന, ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തൽ. എന്നാൽ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
