കോട്ടയം: തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതായും എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. എഡിജിപിക്കെതിരേ പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ചപ്പോൾ എഡിജിപി മുഖ്യമന്ത്രിയെ പ്രശംസിക്കുകയും തന്റെ നേട്ടങ്ങൾ എണ്ണിപറയുകയും ചെയ്തു. കഴിഞ്ഞ എട്ടുവർഷക്കാലമായി മുഖ്യമന്ത്രി പോലീസ് സേനയോട് അനുഭാവപൂർവ്വമാണ് പെരുമാറയിട്ടുള്ളതെന്ന് പറഞ്ഞ എഡിജിപി, തനിക്കിനി ഇത് പറയാൻ അവസരം ലഭിക്കുമോയെന്ന് അറിയില്ലെന്നും കൂട്ടിചേർത്തു.
പോലീസുകരുടെ എണ്ണത്തിൽ കുറവുണ്ട്. ജോലിഭാരം കൂടിയിട്ടുണ്ട്. സേനയിലെ പ്രശ്നങ്ങളും അത് പരിഹരിക്കാൻ ഉതകുന്ന പ്രപ്പോസലുകളും എഡിജിപി മുന്നോട്ടുവച്ചു. പോലീസുകാർക്ക് സ്വന്തം ഹോം സ്റ്റേഷനിൽ ജോലിനൽകാൻ സാധിക്കുമെങ്കിൽ അതും വേണമെന്നും എംആർ അജിത് കുമാർ പറഞ്ഞു.
ജീവൻകൊടുത്തും പൊതുജനത്തെ സംരക്ഷിക്കാൻ പോലീസിന് ഉത്തരവാദിത്വമുണ്ട്. എന്ത് ആവശ്യപ്പെട്ടാലും അതിവേഗത്തിൽ നടപടി ലഭിക്കുന്നെന്ന വിശ്വസത്തിലാണ് എല്ലാവരും പോലീസിനെ സമീപിക്കുന്നത്. പോലീസ് ശരിയാണെന്നും സഹായിക്കുമെന്നും ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസത്തിനനുസരിച്ച് ഉയരാനും നിങ്ങൾക്കും എനിക്കും സാധിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എഡിജിപി പ്രസംഗം അവസാനിപ്പിച്ചത്.