/kalakaumudi/media/media_files/xWqXRHC8gttuETmohPmC.jpg)
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ശ്രീജിത്തിന്റെ അധികാരങ്ങൾ വെട്ടികുറച്ച് പൊലീസ് മേധാവി ഉത്തരവിറക്കി. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ അഡ്മിനിസ്‌ട്രേഷൻ ഹെഡായി എഡിജിപി എസ് ശ്രീജിത്തിന്റെ നിയമനം ആഭ്യന്തരവകുപ്പിൽ കനത്ത അതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പൊലീസ് സേനയിലെ വമ്പൻ അഴിച്ചുപണി. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ ഉൾപ്പെടെ സകല ഫയലുകളും ഇനി മുതൽ എസ് ശ്രീജിത്തിന് മുന്നിലേക്ക് വിടേണ്ടയെന്നാണ് പൊലീസ് മേധാവിയുടെ ഉത്തരവ്. രഹസ്യ സ്വഭാവമുള്ള ഫയലുകൾ ഉൾപ്പെടെ സകല ഫയലുകളും ഇനി മുതൽ അഡ്മിനിസ്‌ട്രേഷൻ ഡി.ഐ.ജി സതീഷ് ബിനോയെയാണ് കൈകാര്യം ചെയ്യാൻ ഡിഐജി ഏൽപ്പിച്ചിരിക്കുന്നത്.
സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ തന്നെ അസാധാരണമായ നടപടിയാണിത്. പൊലീസ് സേനയിലുണ്ടായ അതൃപ്തിയെ തുടർന്ന് വലിയ രീതിയിൽ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്റെ അധികാരം വെട്ടിക്കുറച്ചതിലേക്കെത്തിച്ച നടപടി ആഭ്യന്തരവകുപ്പിൽ നിർണായകമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പ്രത്യേകതാൽപര്യത്തിലാണ് അതീവ നിർണായക സ്ഥാനത്തേക്ക് വിജിലൻസ് കേസിൽ പ്രതി കൂടിയായ ശ്രീജിത്ത് നിയമിതനായതെന്നാണ് ആരോപണം. താഴേതട്ടിലുള്ള പൊലീസുകാർക്ക് പോലും അനഭിമതനായ ശ്രീജിത്തിന്റെ അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഉത്തരവ് പൊലീസ് സേനയിൽ പുകഞ്ഞ അതൃപ്തി തണുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന ടി സെക്ഷന്റെ ചുമതലയിൽ നിന്നും ശ്രീജിത്തിനെ മാറ്റിയത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിച്ചാണെന്നാണ് സൂചന. വിജിലൻസ് കേസിൽ ഉൾപ്പെടെ പ്രതിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കിയതിൽ കടുത്ത അമർഷം മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഉണ്ടായിരുന്നു.
ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരിക്കെ, മന്ത്രി കെ ബി ഗണേഷ് കുമാറിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണവും അടുത്തയിടെ ശ്രീജിത്തിനെതിരെ പുറത്ത് വന്നിരുന്നു. തുടർന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥാനത്ത് നിന്നും ഉദ്യോഗസ്ഥനെ മാറ്റാൻ വകുപ്പ്മന്ത്രി തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതേ തുടർന്നാണ് ശ്രീജിത്തിനെ സ്ഥലം മാറ്റാൻ സർക്കാർ നിർബന്ധിതമായത്.
പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായുള്ള സൗഹൃദം എസ് ശ്രീജിത്തിന് പൊലീസ് ആസ്ഥാനത്ത് തന്നെ നിയമനത്തിന് അവസരം നൽകി. പക്ഷേ ഇതോടെ ഐ.പി.എസ് ഉദ്യോഗർക്കിടയിൽ തന്നെ പ്രതിഷേധം ശക്തമായി. ഇതോടെ ഡി.ജി.പി തന്നെ നേരിട്ട് ഇടപെട്ട് എ.ഡി.ജി.പി അഡ്മിനിസ്‌ട്രേഷന്റെ അധികാരം വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഇപ്പോൾ ശ്രീജിത്തിനേക്കാൾ വളരെ ജൂനിയറായ ഡി.ഐ.ജി സതീഷ് ബിനോയ്ക്ക് ആണ് പൊലീസ് ആസ്ഥാനത്ത് ഫലത്തിൽ അധികാരം കൂടുതൽ ഉള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
