/kalakaumudi/media/media_files/2024/10/29/GBBtg4Ix6WfQqYfSHozm.jpeg)
കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന് പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ കൈക്കൂലി കൊടുത്തുവെന്ന് പരാതി നൽകിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ വ്യക്തമാക്കി.
ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കിൽ വന്ന അപേക്ഷകനാണ് പ്രശാന്ത്. എതിർപ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോൾ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നൽകാൻ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവർത്തിച്ചു. കഴിഞ്ഞ ദിവസം കളക്ടർ അരുൺ കെ. വിജയൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് വെള്ളിയാഴ്ച അഞ്ചുവരെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.
സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ ടി.കെ. രത്നകുമാർ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സബ് ഇൻസ്പെക്ടർ കെ.കെ. രേഷ്മ എന്നിവരടുങ്ങന്ന അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. വൈകീട്ട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി വനിതാ ജയിലിലേക്ക് വീണ്ടും അയച്ചു.