/kalakaumudi/media/media_files/2024/10/18/XU4qQKhqVikB5GPspphk.jpeg)
തലശ്ശേരി: എഡിഎം കെ.നവീൻബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുത്തതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് വാദം കേൾക്കുന്നു. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണു ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വാദം കേൾക്കാനും റിപ്പോർട്ടിനുമായി ഇന്നത്തേക്കു വയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എതിർത്തു കക്ഷിചേരാൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നൽകിയിരുന്നു. ഇന്നു വാദം കേൾക്കുമ്പോൾ കുടുംബത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ്.റാൽഫ് ഹാജരാവുമെന്ന് അറിയുന്നു.
14ന് കണ്ണൂരിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ പരിപാടിയിൽ കണ്ടപ്പോൾ കലക്ടർ, തന്നെ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ക്ഷണിച്ചിരുന്നതായാണു ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്നു കലക്ടർ അരുൺ കെ.വിജയൻ പൊലീസിന് മൊഴി നൽകി.