നവീന്‍ ബാബുവിന്റെ മരണം: പി.പി.ദിവ്യ ഏക പ്രതിയെന്ന് കുറ്റപത്രം

ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

author-image
Biju
New Update
dgf

കണ്ണൂര്‍:  മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയതാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും  കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

2024 ഒക്ടോബര്‍ 14നാണ് എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ നവീന്‍ ബാബു തൂങ്ങിമരിച്ചെന്നാണ് കേസ്. തുടക്കത്തില്‍ അസ്വാഭാവിക മരണമായിരുന്നെങ്കില്‍ വൈകാതെ പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ചുമതലകളില്‍നിന്നും സിപിഎം ദിവ്യയെ ഒഴിവാക്കി.

 

adm naveen babu