ലാന്‍ഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്

ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചിരുന്നു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ മൊഴി നല്‍കിയത്.

author-image
Biju
New Update
Df

കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ എഡിഎം നവീന്‍ബാബുവിനെ അപമാനിക്കുന്നതിനായി പി പി ദിവ്യ കരുതിക്കൂട്ടി നീക്കം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. നവീന്‍ബാബുവിന്റ മരണത്തെകുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വിവരങ്ങള്‍. 

ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചിരുന്നു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ മൊഴി നല്‍കിയത്. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തില്‍ പറഞ്ഞത്. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തല്‍.

അതേ സമയം കലക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതെന്നായിരുന്നു പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയത്. അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കളക്ടറാണെന്നും ദിവ്യ ഹര്‍ജിയില്‍ പറയുന്നു. 

കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്.

എന്നാല്‍ 14-10--2024 ലെ വിവാദ യാത്രയപ്പില്‍ നവീന്‍ ബാബുവിനെ പിപി ദിവ്യ പരസ്യമായി അധിക്ഷേപിച്ചത് ഒരാകസ്മിക സംഭവമായിരുന്നില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിയുന്നത്. ആദ്യം യാത്രയപ്പ് നിശ്ചയിച്ചത് 11ന്. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. അന്ന് പിപി ദിവ്യ കലക്ടറെ പലതവണ വിളിച്ചു, രാത്രിയിലെ ഫോണ്‍ സംഭാഷണത്തില്‍ കലക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്ക് വക്കാനുണ്ടെന്ന് പറഞ്ഞതായി അരുണ്‍ കെ വിജയന്റെ മൊഴിയുണ്ട്.

യാത്രയപ്പ് നടന്ന 14 ന് രാവിലെ എസ് സിഎടി വകുപ്പിന്റെ ഒരുപരിപാടിക്കിടെ കണ്ണൂര്‍ കളക്ടറോട് ദിവ്യ നവീന്‍ബാബുവിന്റെ പറ്റി ആരോപണം ഉന്നയിക്കുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയതായി വിവരമുണ്ടെന്ന് അറിയിച്ചു. പരാതിയുണ്ടെങ്കില്‍ തരാനാവശ്യപ്പെട്ടാല്‍ തെളിവ് തന്റെ പക്കലില്ലെന്ന് ദിവ്യ. പക്ഷെ വിഷയം വിടില്ലെന്ന് ദിവ്യ പറഞ്ഞതായി കലക്ടര്‍ പറഞ്ഞു.

ഉച്ചയോടെ നാലുതവണ ദിവ്യയുടെ സഹായി കലക്ടറുടെ സഹായിയെ ഫോണില്‍ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. പിന്നീട് ദിവ്യ നേരിട്ട് കലക്ടറെ വിളിച്ചുവരുമെന്ന് പറയുന്നു. നവീന്‍ ബാബുവിനെതിരായ ആരോപണം പറയാനെങ്കില്‍ ഇതല്ല ഉചിതമായ സമയമെന്ന് പറഞ്ഞതായി കലക്ടര്‍. എന്നിട്ടും ദിവ്യ എത്തി. 

ദിവ്യ മാത്രമല്ല, ദിവ്യ ആവശ്യപ്പെട്ടത് അനുസരിച്ച് പ്രാദേശിക ചാനലായ കണ്ണൂര്‍ വിഷന്‍ പ്രതിനിധികളും ക്യാമറയുമായെത്തി. ദിവ്യ പറഞ്ഞത് കൊണ്ട് മാത്രമാണ് ഷൂട്ട് ചെയ്യാനെത്തിയതെന്ന് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ മൊഴി.

adm naveen babu